മുഖ്യമന്ത്രിയുടെ ശ്രദ്ധ കള്ളക്കടത്തില്‍; യഥാര്‍ഥ സ്വര്‍ണം ജനങ്ങളെന്ന് പ്രിയങ്കാ ഗാന്ധി

കരുനാഗപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോൺഗ്രസിന്‍റെ സ്വർണ്ണം കേരളത്തിലെ ജനങ്ങളാണ്. എന്നാല്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍റെ ശ്രദ്ധ  വിദേശത്തുള്ള സ്വര്‍ണ്ണത്തിലാണ്.  രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന മോദിയുടെ അതേ നിലപാടാണ് കേരള സര്‍ക്കാരിനും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്‍റെയും സമാധനത്തിന്‍റേയും വിദ്യാസമ്പന്നതയുടേയും  നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍ക്കാരിന്‍റെ  വിധേയത്വം കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോടാണ്. ആഴക്കടല്‍ തീറെഴുതി കൊടുക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍  രാജ്യത്തിന്‍റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുമ്പോള്‍ അതേ നിലപാടാണ് കേരളത്തിലെ സര്‍ക്കാരിനും.

മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് സിപിഎമ്മിന്‍റെ അക്രമത്തിന്‍റെയും അഴിമതിയുടേയും രാഷ്ട്രീയം. രണ്ടാമത്തേത് രാജ്യത്ത് മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത് കേരളത്തിന്‍റെ ഭാവിയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയമാണ്. വലിയ വാഗ്ദാനങ്ങളും ജനാധിപത്യബദലാണെന്നും പറഞ്ഞാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍ നിങ്ങള്‍ ഭയം നിറയ്ക്കുന്നത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

Leave a Reply

Your email address will not be published. Required fields are marked *