ജോസ് കെ മാണിയുടെ പ്രസ്താവന എല്‍ഡിഎഫ് നിലപാടല്ലെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി:  ലൗ ജിഹാദ് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പ്രസ്താവന എല്‍ ഡി എഫ് നിലപാടല്ലെന്ന് സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ . ജോസ് കെ മാണിയുടെ പ്രസ്താവന വ്യക്തിപരമാണ്, അത് വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും കാനം പറഞ്ഞു.

ലൗ ജിഹാദ് സംബന്ധിച്ച പ്രചരണം മതമൗലികവാദികളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം. മതവിശ്വാസമനുസരിച്ചും അല്ലാതെയും വിവാഹമാകാം. ഇതൊക്കെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതാണെന്നും കാനം പറഞ്ഞു.

പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ ജോസ് കെ മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *