സോളർ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം∙ സോളര്‍ പീഡനപരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിെര ഇതുവരെ തെളിവില്ലെന്നു ക്രൈംബ്രാഞ്ച്. പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പരാതിക്കാരി ക്ലിഫ് ഹൗസിലെത്തിയെന്നതിനും തെളിവില്ല, സാക്ഷിമൊഴിയുമില്ല.

ക്രൈംബ്രാഞ്ച് തന്നെ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അന്വേഷണം സിബെഎക്കു വിട്ടത് രാഷ്ട്രീയ പകപോക്കലാണെന്ന പ്രതിപക്ഷ ആക്ഷേപത്തിനു ശക്തി കൂടും.

ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ കോള്‍ രേഖകള്‍ ലഭിക്കില്ലെന്നും ക്രൈംബ്രാഞ്ച് കേന്ദ്രസര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2012 ഒാഗസറ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം.

2018 ലാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണം രണ്ടരവര്‍ഷം പിന്നിട്ടപ്പോള്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം സര്‍ക്കാരിത് സിബിെഎയ്ക്ക് വിടുകയായിരുന്നു. ഇതിനിടയിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ടി.കെ. ജോസ് കേന്ദ്രസര്‍ക്കാരിന് അയച്ച കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ തന്നെയാണ് റിപ്പോര്‍ട്ടിലെയും ഉള്ളടക്കം. പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാന്‍ തെളിവില്ല. ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കാനാകില്ല, മാത്രമല്ല പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചുവര്‍ഷമായിട്ടും നടപടിയെടുക്കാത്തത് തന്നെ നിരപരാധിയാണെന്നതിന്റെ തെളിവാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിയോടു മാപ്പുപറയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *