യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : വഞ്ചിയൂരില്‍ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു നാലുമുക്ക് സ്വദേശികളായ മനോജ്, വിഷ്ണു എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പാല്‍ക്കുളങ്ങര സ്വദേശി പ്രദീപ് കുമാര്‍(33), ചമ്ബക്കട നാലുമുക്ക് സ്വദേശി ശ്രീക്കുട്ടന്‍(28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 18-നാണ് കേസിന് ആസ്പദമായ സംഭവം. മനോജും വിഷ്ണുവും ബൈക്കില്‍ പോകവേ രാത്രി 11.30-ന് ചമ്ബക്കടയില്‍വെച്ച്‌ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി, ഇരുവരേയും പ്രദീപിന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ യുവാക്കളുടെ സുഹൃത്ത് സന്തോഷിനേയും പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ തൈക്കാടു നിന്നാണ് പിടികൂടിയത്. മറ്റ് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു വഞ്ചിയൂര്‍ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *