മത്സ്യതൊഴിലാളികൾക്കെതിരെ എൽഡിഎഫ് സർക്കാർ രഹസ്യ കരാറുണ്ടാക്കി: രാഹുല്‍ ഗാന്ധി

ആലപ്പുഴ: മത്സ്യതൊഴിലാളികൾക്കെതിരെ എൽഡിഎഫ് സർക്കാർ രഹസ്യ കരാറുണ്ടാക്കിയെന്നും കയ്യോടെ പിടിക്കപ്പെട്ടപ്പോൾ സർക്കാർ അതിൽ നിന്ന് പിന്മാറിയെന്നും രാഹുല്‍ ഗാന്ധി.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തിയത്.

രാവിലെ 11 മണിയോടെ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം സെന്‍റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തോടെയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. വൈപ്പിന്‍ മണ്ഡലത്തിലെ പ്രചാരണ പരിപാടിയായിരുന്നു രാഹുലിന്റെ ആദ്യ പൊതുപരിപാടി.

പിന്‍വാതില്‍ നിയമനവും ഇഎംഎസിസി കരാറും അടക്കം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മത്സ്യതൊഴിലാളികള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ രഹസ്യ കരാറുണ്ടാക്കിയെന്നും കയ്യോടെ പിടികൂടിയപ്പോള്‍ അതില്‍ നിന്ന് പിന്‍മാറിയെന്നും രാഹുല്‍ ആരോപിച്ചു.

കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം അരൂരില്‍ നിന്ന് കായംകുളം വരെ റോഡ് ഷോ ആയാണ് രാഹുലിന്റെ ആലപ്പുഴ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലാണ് ആലപ്പുഴയിലെ രാഹുലിന്റെ പ്രചാരണ യോഗങ്ങള്‍‍. പൊന്നംവെളിയില്‍ കയര്‍ സൊസൈറ്റി തൊഴിലാളികളുമായി രാഹുല്‍ സംവദിച്ചു.

നാളെ കോട്ടയം ജില്ലയിലെയും എറണാകുളം ജില്ലയിലെയും വിവിധ മണ്ഡലങ്ങളിലെ യോഗങ്ങളില്‍ രാഹുല്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *