രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദീപ് വചസ്പതിയുടെ പുഷ്പാർച്ചന പ്രകോപനപരമാണെന്നും സമൂഹത്തില്‍ പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘കമ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണ് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം. അവിടെ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. രക്തസാക്ഷികളെ അപഹസിക്കുന്ന തരത്തിലുള്ള ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ കമ്യൂണിസ്റ്റ് കാരുടെ രക്തം തിളക്കും, അങ്ങനെ സമാധാനപരമായ തെര‍ഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ഉദ്യേശ്യം’. മുഖ്യമന്ത്രി തുറന്നടിച്ചു.

കഴിഞ്ഞ ദിവസമാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപ് രക്തസാക്ഷി മണ്ഡപത്തിൽ എത്തി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു വചസ്പതിയുടെ പുഷ്പാർച്ചന. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി അവിടെ വെച്ചു പറഞ്ഞു. വെടിവെയ്പ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *