സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 3,000രൂപയാക്കും: യു ഡി എഫ്

തിരുവനന്തപുരം: ജനക്ഷേമ വാഗ്ദ്ധാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 3,000രൂപയാക്കി ഉയര്‍ത്തും, ക്ഷേമ കമ്മീഷന്‍ രൂപീകരിക്കുംപാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000രൂപ നല്‍കും, എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കും, അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട് തുടങ്ങിയവയാണ് പ്രധാന വാഗ്ദ്ധാനങ്ങള്‍.

ശശി തരൂരിന്റെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

കാരുണ്യ പദ്ധതി പുനരാരംഭിക്കും, നിയമന ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ നടപടി, 40 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യം, നെല്ല്- നാളികേര താങ്ങുവില കൂട്ടും, ലൈഫ് പദ്ധതി പരിഷ്‌കരിച്ച്‌ അഴിമതി മുക്തമാക്കും, പിരിച്ചുവിട്ട കെഎസ്‌ആര്‍ടിസി ജീവനക്കാരെ തിരിച്ചെടുക്കും, 700 രൂപ മിനിമം കൂലിയാക്കും,പോകോസോ അന്വേഷണത്തില്‍ വീഴ്ച പറ്റിയാല്‍ നടപടി, കൊവിഡ് കാരണം തൊഴില്‍ നഷ്ടമായവര്‍ക്ക് സഹായം നല്‍കും.

ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരും, പ്രത്യേക കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കും, രണ്ടു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും, ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും, അര്‍ഹരായ വീട്ടമ്മമാര്‍ക്ക് 2,000 രൂപ നല്‍കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും. ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഇന്ധന സബ്സിഡി നടപ്പാക്കും. പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക.

ഇത് ജനങ്ങളുടെ മാനിഫെസ്റ്റോ ആണെന്നും, യുഡിഎഫ് അധികാരത്തില്‍ വരുമ്ബോള്‍ പത്രികയില്‍ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും, അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാദ്ധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *