നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കില്ല: ഹൈക്കോടതി

കൊച്ചി: നിയമസഭക്കുള്ളിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതോടെ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടുമെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ കേസ് പിന്‍വലിക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബാര്‍ കോഴ കേസില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധം പിന്നീട് കൈയ്യാങ്കളിയിലും പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. അക്രമസംഭവവുമായില്‍ ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ടര ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചു എന്നു വ്യക്തമാക്കുന്നു.

അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷത്തെ ആറ് എം.എല്‍.എമാര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വിചാരണ ആരംഭിച്ചതോടെയാണ് കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ അടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. പൊതുമുതല്‍ നശിപ്പിച്ച കേസ് നിലനില്‍ക്കുമെന്നും അതുകൊണ്ട് ഇവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *