അഞ്ചു കോടി ഭവനങ്ങളില്‍ ശബരിമലയില്‍ നിന്നും പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കും

തിരുവനന്തപുരം: സ്വാമി അയ്യപ്പന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ദക്ഷിണ ഭാരതത്തിലെ അഞ്ചു കോടി ഭവനങ്ങളില്‍ ശബരിമലയില്‍ നിന്നും പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ഗണേശോത്സവ ട്രസ്റ്റ്, അയ്യപ്പ ധര്‍മ്മ രക്ഷാസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല സന്നിധാനത്തുനിന്ന് ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് പകര്‍ന്നു നല്‍കിയ അയ്യപ്പജ്യോതി തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമലയില്‍ നിന്ന് പകര്‍ന്ന അയ്യപ്പജ്യോതി ഏറ്റുവാങ്ങി പ്രകാശിപ്പിച്ചു. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ നിലപാടെടുത്തവരുടെ അജ്ഞത അകറ്റുന്നതിനും അവര്‍ക്ക് നേര്‍ചിന്ത ഉണ്ടാകുന്നതിനും വേണ്ടിയാണ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങി ഏഴു സംസ്ഥാനങ്ങളിലായി 5 കോടി വീടുകളിലാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. ഇതോടൊപ്പം മണ്ഡലപൂജ നടക്കുന്ന കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയ്ക്കും ശാസ്താ ക്ഷേത്രങ്ങളില്‍ സന്നിധാനത്ത് നിന്നും കൊണ്ടുവന്ന ജ്യോതി തെളിയിക്കും. ക്ഷേത്രങ്ങള്‍ കൂടാതെ ആശ്രമങ്ങളും മഠങ്ങളും ദീപം ഏറ്റുവാങ്ങി അത് സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിന് വേദിയാകും.

വൃശ്ചികം 1 ന് ആരംഭിക്കുന്ന മണ്ഡലകാലത്ത് 41 ദിവസം കൊണ്ടായിരിക്കും അയ്യപ്പജ്യോതി 5 കോടി വീടുകളില്‍ എത്തിക്കുന്നത് നവംബര്‍ 12 തിങ്കളാഴ്ച പത്മനാഭസ്വാമി ക്ഷേത്ര നടയില്‍ അയ്യപ്പജ്യോതി പ്രചാരണം ഉദ്ഘാടനം ചെയ്യും. 7 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള അയ്യപ്പജ്യോതി അയ്യപ്പധര്‍മ്മരക്ഷാ സമിതി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ഏറ്റുവാങ്ങും. ഇതോടുകൂടി 41 ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പജ്യോതി പ്രയാണത്തിന് തുടക്കമാകും. നിശ്ചിതപ്രായപരിധിയില്‍പ്പെട്ട ശബരിമല ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും അയ്യപ്പസാന്നിദ്ധ്യം അടുത്തറിയാന്‍ ജ്യോതിപ്രയാണം കൊണ്ടാകുമെന്ന് ഗണേശോത്സവ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

സ്വാമി അയ്യപ്പന്‍ രാജകീയ സുഖങ്ങള്‍ പരിത്യജിച്ച് തപസ്യക്ക് ശബരിമല തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം ചില നിബന്ധനകള്‍ രാജകുടുംബാംഗങ്ങളെയും പ്രജകളെയും അറിയിച്ചിരുന്നു. തന്നെ ആര്‍ക്കൊക്കെ കാണാം എപ്പോള്‍ കാണാമെന്ന് സ്വാമി അയ്യപ്പന്‍ അരുളി ചെയ്തിരുന്നു. അത്തരത്തിലുള്ള വ്യവസ്ഥകളാണ് പില്‍ക്കാലത്ത് ശബരിമലയുടെ ആചാരങ്ങളായി മാറിയത്. ആചാരങ്ങള്‍ മാറ്റുന്നത് സ്വാമി അയ്യപ്പന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. ഇത് സ്വാമിയുടെ തപസ്സിനെ തന്നെ ഭംജ്ജിക്കുന്നതാണ്. അയ്യപ്പന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗണേശോത്സവ ട്രസ്റ്റ് കണ്‍വീനര്‍ ആര്‍. ഗോപിനാഥന്‍ നായര്‍, ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, അയ്യപ്പധര്‍മ്മ സംരക്ഷണസമിതി ഭാരവാഹികളായ ചെങ്കല്‍ ശ്രീകുമാര്‍, , രാധാകൃഷ്ണന്‍ ബ്ലൂസ്റ്റാര്‍, കല്ലിയൂര്‍ ശശി, പെരിങ്ങമല അജി, ജോണ്‍സണ്‍ ജോസഫ്, ബാജി ഗോവിന്ദന്‍, എസ്.ആര്‍. കൃഷ്ണകുമാര്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്, അമ്പാടി ചന്ദ്രശേഖരന്‍ നായര്‍, ഓവര്‍ട്ട് ശശിധരന്‍, അഡ്വ. രാജീവ് ചേരാച്ചിറ, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *