സനല്‍ ആത്മഹത്യാശ്രമം നടത്തിയെന്ന് പോലീസുകാര്‍ ഡോക്ടര്‍മാരെ അറിയിച്ചു

തിരുവനന്തപുരം: സനലിനെ മെഡിക്കല്‍ കോളജിലെത്തിച്ച പൊലീസുകാര്‍ ഡോക്ടര്‍മാരോടു പറഞ്ഞത് ആത്മഹത്യാശ്രമമാണെന്നായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സനലിനോട് പൊലീസുകാര്‍ കാട്ടിയ ക്രൂരത ആംബുലന്‍സ് വഴിതിരിച്ചുവിട്ടതില്‍ അവസാനിച്ചില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു മെഡിക്കല്‍ കോളജിലെ സംഭവങ്ങള്‍. പരുക്കിന്റെ സ്വഭാവം കണ്ട് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുചോദിച്ചപ്പോഴാണ് വാഹനം ഇടിച്ചതാണെന്നു പൊലീസ് വ്യക്തമാക്കിയതത്രെ.


മരണം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇവര്‍ സ്ഥലംവിടുകയും ചെയ്തു. സുരക്ഷിതസ്ഥാനം നോക്കി നേരെ പോയതു മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക്. കൂടെ ആംബുലന്‍സ് ഡ്രൈവറെയും കൊണ്ടുപോയി. രാത്രി 11നു ശേഷമാണു സനലിനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം തിരക്കിയ സുരക്ഷാജീവനക്കാരോടു പൊലീസുകാര്‍ തട്ടിക്കയറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
അപകടമാണെന്നു വ്യക്തമായതോടെയാണു സര്‍ജറി വിഭാഗത്തിലേക്കു മാറ്റിയത്. ഈ സമയം സനലിന്റെ ബന്ധുക്കള്‍ കാഷ്വല്‍റ്റിയില്‍ എത്തിയെങ്കിലും മരണവിവരം പൊലീസുകാര്‍ മറച്ചുവച്ചു. മെഡിക്കല്‍ കോളജ് എസ്‌ഐയും ആശുപത്രിയിലുണ്ടായിരുന്നു. സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരെ എസ്‌ഐ വിവരം അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *