വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുന്‍പ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്.

അതേസമയം മുരളീധരന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാരാഷ്ട്രയില്‍നിന്നുളള ഒരു രാജ്യസഭാ സീറ്റ് ഇല്ലാതാക്കേണ്ടന്നാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്നത്. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.

സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. ഇ. ശ്രീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് സാധ്യത. ഇവിടെ മുതിര്‍ന്ന സംസ്ഥാന നേതാവിന് സംഘടനാച്ചുമതല നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *