കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാര്‍ത്ഥി നിര്‍ണയം: കെ മുരളീധരന്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

ജനങ്ങളുമായി ബന്ധമുളളവരെ വേണം സ്ഥാനാര്‍ത്ഥികളാക്കാന്‍. അങ്ങനെയുണ്ടായാല്‍ എ ഐ സി സി സര്‍വേയില്‍ പറഞ്ഞതിനെക്കാള്‍ സീറ്റുകള്‍ കിട്ടും. പത്തംഗസമിതി വന്നെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മുരളീധരന്‍ ആക്ഷേപിച്ചു.

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം പന്ത്രണ്ടാം തീയതിക്കുളളിലുണ്ടാകും. ഇപ്പോള്‍ വരുന്ന പേരുകളെല്ലാം ഊഹാപോഹങ്ങളാണ്. വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുളള സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ ഇതുവരെ തന്നോടൊന്നും സംസാരിച്ചിട്ടില്ല.

അങ്ങോട്ട് കയറി പറയാനും പോയിട്ടില്ല. നേതാക്കള്‍ ബന്ധപ്പെടുമ്ബോള്‍ അഭിപ്രായം പറയാം. സ്ഥാനാര്‍ത്ഥികള്‍ ജയിച്ച്‌ വരണമെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നല്ലതായി നടക്കണം. അനുകൂല സാഹചര്യം പാര്‍ട്ടി മുതലെടുക്കുക തന്നെ വേണമെന്നും മുരളീധരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *