കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ തകര്‍ത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ചട്ടമ്ബിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി കിട്ടും. കിഫ്ബിക്കായി മസാലബോണ്ടുവഴി പണം സമാഹരിച്ചതില്‍ ഏതു ചട്ടമാണ് ലംഘിച്ചതെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും ഐസക് ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

വിദേശത്തു നിന്നും മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ ഈ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് “വിദേശത്തു നിന്നും പണം കൈപ്പറ്റി” എന്നാണെന്ന് ഐസക് പറയുന്നു. ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ കമ്മീഷനും അഴിമതിയുമായി പാര്‍ട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതില്‍ എനിക്ക് അത്ഭുതമില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാം എന്നു ധരിക്കരുത്.

മസാലാ ബോണ്ടു വഴി പണം സമാഹരിക്കാന്‍ എന്‍ടിപിസിയും എന്‍എച്ച്‌എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോര്‍പറേറ്റാണ് കിഫ്ബിയും. ഇപ്പറഞ്ഞവര്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മസാലാ ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കില്‍ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താം.

ഫെമ അനുസരിച്ചും റിസര്‍വ് ബാങ്ക് വഴിയുമാണ് കിഫ്ബി മസാലാ ബോണ്ടു വഴി പണം കണ്ടെത്തിയത്. ഒരു ബോഡി കോര്‍പ്പറേറ്റിന് മാസാല ബോണ്ടുവഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതി. സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുമ്ബോള്‍ ചെയ്യുന്നതുപോലെ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വേണ്ടെന്നും മന്ത്രി തോമസ് ഐസക് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *