നോട്ടുനിരോധനം തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനമാണെന്ന് പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിങ്. നോട്ടുനിരോധനം മൂലം രാജ്യത്തെ അസംഘടിത മേഖല തകര്‍ന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്ബോടിയായാണ് ഡോ സിങ്ങുമായുള്ള ആശയവിനിമയം സംഘടിപ്പിച്ചത്.

ഡോ. മന്‍മോഹന്‍സിങ്സംസ്ഥാനങ്ങളുമായുള്ള പതിവു കൂടിയാലോചനകളും ഫെഡറലിസവുമാണ് ഇന്ത്യയുടെ സാമ്ബത്തിക-രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ മൂലക്കല്ല്. അത് ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. നിലവിലെ ഭരണകൂടം അതു ചെയ്യുന്നേയില്ല

കേരളമടക്കം പല സംസ്ഥാനങ്ങളിലും പൊതുമേഖലാ ബാങ്കുകള്‍ താറുമാറായി. കൂടുതല്‍ കടമെടുക്കാന്‍ നിര്‍ബന്ധിതമായി. ഭാവി ബജറ്റുകള്‍ക്ക് അതൊരു ബാധ്യതയായി മാറുകയും ചെയ്തു- മന്‍മോഹന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹ്യ നിലവാരം ഉയര്‍ന്ന തലത്തിലാണ് എന്നും ഭാവിയില്‍ മറ്റു മേഖലകളില്‍ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പുതിയ ആശയങ്ങളാണ് ഉണ്ടാകേണ്ടത്. 1991ല്‍ ധനമന്ത്രിയായിരിക്കെ ബജറ്റില്‍, ആശയങ്ങളേക്കാള്‍ ശക്തമായ ഒന്നുമില്ലെന്ന വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകള്‍ താന്‍ ഉദ്ധരിച്ചിരുന്നു. യുഡിഎഫ് മുമ്ബോട്ടു വയ്ക്കുന്ന വ്യക്തമായ ആശയങ്ങളാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക- മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

നോട്ടുനിരോധനത്തെ സംഘടിത കൊള്ളയെന്നാണ് മന്‍മോഹന്‍ പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചിരുന്നത്. ‘ആസൂത്രിത കൊള്ളയും നിയമാനുസൃത കവര്‍ച്ചയും’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *