വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യമില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ എല്ലാവരേയും ഞെട്ടിച്ച്‌ ഫൊറന്‍സിക് റിപ്പോര്‍ട്ട് . ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന പോലീസിന്റെ കുറ്റപത്രമാണ് ഇപ്പോള്‍ ഫൊറന്‍സിക് തള്ളിയിരിക്കുന്നത്. രണ്ടു സംഘങ്ങള്‍ തമ്മിലുളള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന പൊലീസ് കുറ്റപത്രത്തെ പൂര്‍ണമായും തളളിക്കളയുന്നതാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട്.

കൊല നടത്താന്‍ എത്തിയവരാണ് കൊലപാതകത്തിനിരയായതെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്താനായി ഇവര്‍ ഗൂഢാലോചന നടത്തി. എതിര്‍ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്‌, ശരീരം മുഴുവന്‍ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിപ്പട്ടികയിലുളളവരുടേയും കൊല്ലപ്പെട്ടവരുടേയും ഫോണ്‍ സംഭാഷണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവരെ കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *