ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം: ചിത്രങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനക്കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയെന്ന് ചെന്നിത്തല പറഞ്ഞു. താന്‍ ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം നുണയാണെന്നും ചെന്നിത്തല പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ആഴക്കടല്‍ മത്സ്യബന്ധനക്കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. സംശയത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം കൂടി പിണറായി സര്‍ക്കാരിന് വലിയ തലവേദനയാകുകയാണ്. എന്നാല്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്ബനി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. താന്‍ ഒരു കമ്ബനി പ്രതിനിധിയുമായും കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നും 5,000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

കേരളത്തിന്റെ സമുദ്രതീരം കൊള്ളയടിക്കാന്‍ പിണറായി സര്‍ക്കാര്‍ വിദേശ കമ്ബനിയുമായി കരാര്‍ ഒപ്പിട്ടു. സ്‌പ്രിങ്ക്‌ളര്‍ അഴിമതിയെക്കാള്‍ വലിയ പാതകമാണ് ഇത്. യുഎസ് ആസ്ഥാനമായ ഇഎംസിസി കമ്ബനിയുമായി 5,000 കോടി രൂപയുടെ ഇടപാട് ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കിലെത്തിയാണ് ഇതു സംബന്ധിച്ച ധാരണയുണ്ടാക്കിയതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ആഴക്കടല്‍ മത്സ്യബന്ധനത്തിനു ഒരു കമ്ബനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മേഴ്‌സിക്കുട്ടിയമ്മ ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *