11 കോടി സംസ്ഥാനസര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്ന് പദ്‌മനാഭസ്വാമി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം സുരക്ഷയ‌്ക്കായി വിനിയോഗിച്ച 11.7കോടി രൂപ സംസ്ഥാനസര്‍ക്കാരിന് തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പദ്‌മനാഭസ്വാമി ക്ഷേത്രംഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ക്ഷേത്രത്തിന്റെ വരുമാനത്തെയാണെന്നും, അതുകൊണ്ട് പണം നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും ക്ഷേത്രംഭരണസമിതി കോടതിയോട് ആവശ്യപ്പെട്ടു.

പ്രസ്‌തുത ആവശ്യം ഉത്തരവായി ഇറക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും അറിയിച്ചു. മാത്രമല്ല, ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള നിലവിലെ ഉത്തരവുകളെല്ലാം തുടരേണ്ടതാണെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിന്റെ ഓഡിറ്റ് വിവരങ്ങള്‍ സെപ്‌തംബറില്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്ന് ഏറെ നാള്‍ പൊതുജനങ്ങള്‍ക്ക് പദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നിറുത്തിവച്ചിരുന്നു. തുടര്‍ന്ന് ആഗസ്‌റ്റ് 26ന് ആണ് ദര്‍ശനം പുനരാരംഭിച്ചത്. പിന്നീട് ജീവനക്കാര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് ഒക്‌ടോബറില്‍ വീണ്ടും ക്ഷേത്രം അടച്ചിടേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *