വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും

കോട്ടയം: വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവും ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിക്കണം. പിഴതുക പെൺകുട്ടിക്ക് നൽകാനും കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

കോട്ടയം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് കൊല്ലം കടയ്ക്കൽ സ്വദേശി ഷാജഹാൻ എന്ന സുരേഷ് കേസിൽ ഒന്നാം പ്രതിയാണെന്ന് കണ്ടെത്തിയത്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോവുകയായിരുന്നു. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവിൽ പോയത്.

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

1995ൽ പെൺകുട്ടിയെ സുരേഷ് വീട്ടിൽനിന്ന് ഇറക്കി ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും വിവിധ ആളുകൾക്ക് വിൽക്കുകയും ചെയ്തു എന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളെ കോടതിയിൽ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ചലച്ചിത്രതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *