കേന്ദ്രത്തിനും ട്വിറ്ററിനും നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപവും വിദ്വേഷ പ്രചരണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും ട്വിറ്ററിനും നോട്ടീസ് അയച്ച്‌ സുപ്രീം കോടതി.

വ്യാജ അക്കൗണ്ടുകളിലൂടെ വരുന്ന വാര്‍ത്തകളും സന്ദേശങ്ങളും വിദ്വേഷം പരത്തുന്ന ട്വിറ്റര്‍ ഉള്ളടക്കങ്ങളും പരസ്യങ്ങളും നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പാട്ടായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇത് സംബന്ധിച്ച്‌ ട്വിറ്ററിനോടും കേന്ദ്രത്തോടും വിശദീകരണം തേടി.

ബിജെപി നേതാവ് വിനിത് ഗോയങ്കയാണ് ഹര്‍ജി സമര്‍പ്പിച്ചത്.പ്രമുഖരുടെയും ഉന്നതരുടെയും പേരില്‍ നൂറുകണക്കിന് വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലുകളും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ഉണ്ടെന്ന് ഗോയങ്ക ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യ-വിരുദ്ധ നീക്കത്തിനായി സമൂഹമാദ്ധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സമാനമായ മറ്റൊരു ഹര്‍ജി കൂടി ചേര്‍ത്താണ് സുപ്രീം കോടതി വിശദീകരണം തേടിയത്.

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന നിര്‍ദ്ദേശത്തില്‍ ട്വിറ്ററും കേന്ദ്രവും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ട്വിറ്റര്‍ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *