പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570ഉം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് ഒരുക്കിയ പ്രകടനപത്രികയോട് സര്‍ക്കാര്‍ നീതി പുലര്‍ത്തിയെന്ന് മുഖ്യമന്ത്രി. പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 570 ഉം പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയില്‍ പ്രമുഖ വ്യവസായികളും വ്യവസായ സംഘടന പ്രതിനിധികളോടുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രകടനപത്രികയിലെ 600 പദ്ധതികളില്‍ 570 ഉം പൂര്‍ത്തിയാക്കി. ഇനി വെറും 30 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. അത് എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്രികയിലെ വാഗ്ദാനങ്ങളില്‍ എന്തൊക്കെ ചെയ്തു എന്നത് സംബന്ധിച്ച്‌ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. സാധാരണ എല്ലാ പ്രകടന പത്രികയിലെയും വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടു കൂടി തീരുന്നതാണ് .എന്നാലിത് അങ്ങനെയല്ല്. നടപ്പാക്കാനുള്ളതല്ല എന്ന അനുഭവം 2016 നു ശേഷം എല്‍ഡിഎഫ് മാറ്റി. ഇനി കേരളത്തില്‍ എന്തൊക്കെ ചെയ്യാം എന്നത് പുതിയ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. അതിന് വ്യവസായികളുമായുള്ള ചര്‍ച്ച ഏറെ ഗുണം ചെയ്യും.
സംസ്ഥാനത്തിന്റെ വികസനം സര്‍വതല സ്പര്‍ശിയും സാമൂഹിക നീതിയില്‍ അടിസ്ഥാനമാക്കിയുമാണ്. ഇക്കാരണത്താല്‍ കേരളത്തിന് എവിടെയും തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കും. എന്നാല്‍ വ്യവസായ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.
അതിനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.
ഐടി മേഖലയില്‍ ലോകം ശ്രദ്ധിക്കുന്ന വളര്‍ച്ചയിലേക്കാണ് കേരളം മുന്നേറുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *