സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുളള മദ്യത്തിന് പോലും മുപ്പത് രൂപയുടെ വര്‍ദ്ധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാ‍രിന് ആയിരം കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിതരണക്കാര്‍ ബെവ്കോയ്‌ക്ക് നല്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുളള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുളള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയുമായി.

വി എസ് ഒ പി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധനയുണ്ട്.

കൊവിഡ് ലോക്ക്ഡൗണും ബെവ്ക്യൂ ആപ്പും ബാറുകളിലെ പാഴ‌്സല്‍ വില്‍പ്പനയും മൂലം ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ബെവ്കോയുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മദ്യത്തിന് 40 രൂപ വില കൂടുമ്ബോള്‍ സര്‍ക്കാരിന് 35 രൂപയും ബവ്കോക്ക് ഒരു രൂപയും കമ്ബനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. ഒന്നാം തീയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില മറ്റന്നാള്‍ നിലവില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *