വി.എസ് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി.

ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാരിനെയും പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. രാജി വെക്കുന്നതിന് മുന്നോടിയായി ഒരു മാസം മുമ്ബ് ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

ഒട്ടനവധി ശുപാര്‍ശകള്‍ ഈ നാല് വര്‍ഷം കൊണ്ട് വിഎസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിജിലന്‍സിന്റെ പരിഷ്‌കാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, സിവില്‍ സര്‍വീസ് പരിഷ്‌കരണം, ഇ- ഗവേണനന്‍സുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ എന്നിവയായിരുന്നു ഇതില്‍ പ്രധാനം. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും.

തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി താന്‍ സര്‍ക്കാരിനെ അറിയിച്ചുവെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ വി.എസ് വ്യക്തമാക്കി.

“നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിന്‍റെ ഫലമായാണ് കമ്മിഷന്‍റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” വി.എസ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *