ജനുവരി 31 വരെ ചെങ്കോട്ട അടച്ചു

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ ഡല്‍ഹിയിലും പരിസരത്തും ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈമാസം 31 വരെ ചെങ്കോട്ട അടച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുരാവസ്തു വകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ചു. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണം എന്താണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചെങ്കോട്ടയില്‍ സംഭവിച്ച കേടുപാടുകള്‍ നന്നാക്കുന്നതിനാകും അടച്ചതെന്ന് അറിയുന്നു.

രാജ്യതലസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈമാസം 19 മുതല്‍ 22 വരെ ചെങ്കോട്ട അടച്ചിട്ടിരുന്നു. റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി 22 മുതല്‍ 26 വരെ അത് തുടരുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ചത്തെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ചെങ്കോട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്ഡ കേന്ദ്ര സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട് അദ്ദേഹം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ചെങ്കോട്ടയിലെ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച ഗേറ്റ്, ടിക്കറ്റ് കൗണ്ടര്‍ എന്നിവ നശിപ്പിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും കാണാം. ചെങ്കോട്ട അടക്കം 173 സ്മാരകങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴില്‍ ഡല്‍ഹിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *