സംസ്ഥാനത്ത് വ്യാഴാഴ്ച്ച വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച കൊറോണ വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍. 135 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടന്നത്. എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്.

എറാണകുളത്താണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 1039 ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ വാക്‌സിനേഷന്‍ സ്വീകരിച്ചു. ആലപ്പുഴയില്‍ 711 പേരും ഇടുക്കിയില്‍ 594 പേരും കണ്ണൂരില്‍ 880 പേരും കാസര്‍കോട് 682 പേരും കൊല്ലത്ത് 819 പേരും കോട്ടയത്ത് 890 പേരും കോഴിക്കോട് 903 പേരും മലപ്പുറത്ത് 802 പേരും പാലക്കാട് 712 പേരും പത്തനംതിട്ടയില്‍ 762 പേരും തിരുവനന്തപുരം 639 പേരും തൃശൂര്‍ 818 പേരും വയനാട് 702 പേരും വാക്‌സിന്‍ സ്വീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 262 പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. ആകെ 35,773 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്. ഇതില്‍ ആര്‍ക്കും തന്നെ വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിതുര സാമൂഹികാരോഗ്യ കേന്ദ്രം, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ 4,69,616 ആരോഗ്യ പ്രവര്‍ത്തകരും കൊറോണ മുന്നണി പോരാളികളുമാണ് കൊറോണ വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉള്‍പ്പെടെ 3,83,178 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 2942 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 75,534 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 1,362 റവന്യൂ വകുപ്പ് ജീവനക്കാരും കൊറോണ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *