ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരുന്നത്​ വര്‍ഗീയത ശക്​തിപ്പെടുത്താന്‍: എ. വിജയരാഘവന്‍

പാലക്കാട്​: എല്‍.ഡി.എഫ്​ സര്‍ക്കാറിന്‍റെ ഭരണത്തുടര്‍ച്ചക്ക് കോണ്‍ഗ്രസ്​ നേതാവ്​​ ഉമ്മന്‍ ചാണ്ടി വെല്ലുവിളിയാകില്ലെന്ന്​ എല്‍.ഡി.എഫ്​ കണ്‍വീനര്‍ എ. വിജയരാഘവന്‍. ഉമ്മന്‍ ചാണ്ടി തിരിച്ചുവരുന്നതോടെ യു.ഡി.എഫ്​ ഭരണകാലത്തെ അഴിമതികള്‍ ഓര്‍ത്തെടുക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക്​ ഉണ്ടാകുന്നത്​.​

കൂടുതല്‍ വര്‍ഗീയവത്​കരിച്ച്‌​ കേരള രാഷ്​ട്രീയത്തില്‍ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാപ്​തന്‍ ഉമ്മന്‍ ചാണ്ടി ആണെന്നായിരിക്കും​ കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളുടെ​ ബോധ്യമെന്നും​ വിജയരാഘവന്‍ പാലക്കാട് ചിറ്റൂരില്‍ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

കെ.പി.സി.സി അപ്രസക്​തമാവുകയാണ്​. ഉമ്മന്‍ ചാണ്ടിയും മറ്റു നേതാക്കളും ഡല്‍ഹിയിലേക്ക് പോയിട്ടൊന്നും കോണ്‍ഗ്രസ്​ രക്ഷപ്പെടില്ല. ബി.ജെ.പിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച്‌ ജനങ്ങള്‍ക്ക് മുന്നില്‍ വരണം.

ബി.ജെ.പി, മുസ്​ലിം ലീഗ്‌, ജമാഅത്തെ ഇസ്‌ലാമി എന്നിവര്‍ ഒരുമിച്ച്‌ ഇടതുപക്ഷത്തെ വേട്ടയാടാന്‍ ശ്രമിച്ചു. രാഷ്​ട്രീയമായി സംഭവിച്ച തെറ്റ് കോണ്‍ഗ്രസ് തിരുത്തണം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയാണ്​ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാന്‍. രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം. സുധീരന്‍ തുടങ്ങിയവര്‍ മേല്‍നോട്ട സമിതിയില്‍ അംഗങ്ങളായിരിക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാനുള്ള ചുമതലയും ഉമ്മന്‍ ചാണ്ടിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *