കെഎസ്‌ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എം ശ്രീകുമാറിന് സ്ഥലംമാറ്റം

തിരുവനന്തപുരം: അഴിമതി ആരോപണം നേരിട്ട കെഎസ്‌ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എം ശ്രീകുമാറിനെ സ്ഥലംമാറ്റി.

എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായാണ് ശ്രീകുമാറിന് സ്ഥലംമാറ്റം. നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. ശ്രീകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് എതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

സെന്‍ട്രല്‍ സോണിലെ സര്‍വീസ് ഓപ്പറേഷന്റെ പൂര്‍ണ ചുമതലയില്‍ എറണാകുളം ഡിസ്ട്രിക്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വി.എം. താജുദ്ദീന്‍ സാഹിബ് തന്നെ തുടരും. വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍/ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍ ) എം. പ്രാതാപദേപിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ (പെന്‍ഷന്‍ ആന്റ് ഓഡിറ്റ്) ചുമതല നല്‍കി മാറ്റി നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.റ്റി. സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ (അഡ്മിനിസ്ട്രേഷന്‍) അധിക ചുമതലകൂടി നല്‍കി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് ഉത്തരവ് ഇറക്കി.

കെഎസ്‌ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന് ബിജു പ്രഭാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *