ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി: വി.മുരളീധരന്‍

കൊല്ലം: ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണത്തിലൂടെ സര്‍ക്കാര്‍ നടത്തിയിട്ടുളളതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തിയത്.

നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളത്. കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബജറ്റിന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

വരാന്‍ പോകുന്ന സര്‍ക്കാരിനാണ് ഈ വര്‍ഷത്തിന്റെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നല്‍കാതെ ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിക്കാനുള്ള വേദിയാക്കി കേരള നിയമസഭയെ മാറ്റിയത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *