മത്തായിയുടെ മരണം, സിബിഐ വന്നതോടെ നിര്‍ണായക തെളിവ് ലഭിച്ചു

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണം, സിബിഐ വന്നതോടെ നിര്‍ണായക തെളിവ് ലഭിച്ചു. ചിറ്റാര്‍ കുടപ്പനയില്‍ കര്‍ഷകനായ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് സിബിഐ അന്വേഷണസംഘത്തിനു നിര്‍ണായക മൊഴി ലഭിച്ചതായി സൂചന പുറത്തുവന്നിരിക്കുന്നത്.

മത്തായിയുടെ സുഹൃത്തെന്ന പേരില്‍ വനപാലകരുമായി ഇടപെടല്‍ നടത്തിയ അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണിത്. മത്തായിയുടെ മണിയാറിലെ വീട് വനംവകുപ്പു സംഘത്തിനു കാണിച്ചു കൊടുത്തത് അരുണാണ്.

മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യുന്നതിനായി വനത്തിനുള്ളില്‍ കൊണ്ടുപോയപ്പോഴും തുടര്‍ന്ന് പുറത്തുവിട്ട ചിത്രങ്ങളിലുമെല്ലാം അരുണ്‍ ഉണ്ടായിരുന്നു. സംഭവങ്ങളുടെ ദൃക്‌സാക്ഷിയെന്ന നിലയിലാണ് അരുണിനെ ചോദ്യം ചെയ്യുന്നത്.

മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരവും മോചനത്തിനായി പണം ആവശ്യപ്പെട്ട് ഭാര്യ ഷീബാമോളെ വിളിച്ചതും അരുണിന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു.

സിബിഐ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന അരുണിനെ കഴിഞ്ഞദിവസമാണ് കസ്റ്റഡിയിലെടുത്തത്. അരുണിനൊപ്പം ഒളിവില്‍പോയ മറ്റൊരു സുഹൃത്തിനെക്കൂടി കണ്ടെത്താനുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി അരുണിനെ മത്തായിയുടെ വീട്ടിലും മൃതദേഹം കിടന്ന കിണറിനരികിലും എത്തിച്ചു തെളിവെടുത്തിരുന്നു. കുടപ്പന വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ കഴിഞ്ഞ ജൂലൈ 28നാണ് മത്തായിയെ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്.

പിന്നീട് ഇദ്ദേഹത്തെ കുടപ്പനക്കുളത്തെ കുടുംബ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 40 ദിവസത്തോളം കുടുംബം നടത്തിയ പോരാട്ടത്തിനൊടുവില്‍ കേസ് സിബിഐ ഏറ്റെടുക്കുകയും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടാമത് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്ത ശേഷമാണ് സംസ്‌കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *