വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ നിര്‍ബന്ധമായും അടുത്ത ഡോസ് കൂടി എടുക്കണം

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ ഉറപ്പായും അടുത്ത ഡോസ് കൂടി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ അടുത്ത ഘട്ടം വാക്്സിന്‍ സ്വീകരിക്കണം. മാത്രമല്ല, ആദ്യ ഘട്ട ഡോസ് സ്വീകരിച്ചതിന് ശേഷമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘വാക്സിന്‍ എടുക്കാം സുരക്ഷിതരാകാം’ ശില്‍പശാല ഉദ്ഘാടനം ചെയ്ത് മന്ത്രി വ്യക്തമാക്കി.

വാക്സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നറിയാന്‍ വേണ്ടി കൂടിയാണ് നിശ്ചിത ഇടവേള അടുത്ത ഘട്ടം സ്വീകരിക്കുന്നതിന് നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്സിന്‍ വിതരണം നടത്തുന്നത്. വാക്സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ കഴിയുവെന്നും സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കൊവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇനി ആളുകളിലേക്ക് വാക്സിന്‍ പൂര്‍ണതോതില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ് വാക്സിന്‍ നല്‍കുക. എല്ലാവരിലേക്കും വാക്സിന്‍ എത്തിയാല്‍ മാത്രമേ കൊവിഡിനെ അതിജീവിച്ച്‌ സ്വതന്ത്രരായി ജീവിക്കാന്‍ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *