യു.ഡി.എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. സീറ്റ് വിഭജനത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കും തുടക്കമാവും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കുന്നതും യോഗം ചര്‍ച്ച ചെയ്യും. പ്രചാരണ തന്ത്രങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനവും ഇന്നുണ്ടാവും.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യുഡിഎഫ് നേതൃയോഗം നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള തീയതികളും തീരുമാനിക്കും. ഈ മാസം തന്നെ സീറ്റ് വിഭജനം ധാരണയാക്കാനാണ് നീക്കം.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കക്ഷി നേതാക്കള്‍ നടത്തുന്ന കേരള യാത്രയോടെ പ്രചാരണത്തിന് തുടക്കമിടാനാണ് യു.ഡി.എഫിന്റെ നീക്കം. ഇതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും.

ജോസ് കെ മാണി വിഭാഗവും എല്‍.ജെ.ഡിയും മുന്നണി വിട്ടതിനാല്‍ ഒഴിവു വന്ന സീറ്റുകളില്‍ ഘടകക്ഷികള്‍ കൂടി അവകാശവാദം ഉന്നയിക്കും. എന്‍.സി.പിയിലെ പ്രശ്‌നങ്ങളും യോഗം വിലയിരുത്തും. അനുകൂല സാഹചര്യം മുതലെടുത്ത് എന്‍.സി.പിയെ ഒപ്പം ചേര്‍ക്കണമെന്നാണ് യു.ഡി.എഫിലെ പൊതു വികാരം.

Leave a Reply

Your email address will not be published. Required fields are marked *