ഗ്രീന്‍ ഓഡിറ്റ് തിങ്കളാഴ്ച ആരംഭിക്കും

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്‍കുന്ന പ്രവര്‍ത്തനം ജില്ലയില്‍ തിങ്കളാഴ്ച ആരംഭിക്കും. സര്‍ക്കാര്‍ ഓഫിസുകളുടെ ഹരിത ഓഡിറ്റിന്റെ ഉദ്ഘാടനം ജനുവരി 11ന് പബ്ലിക് ഓഫീസിലെ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിന്റെ ഉദ്ഘാടനം ജനുവരി 12ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിക്കും.

ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായാണ് ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. പരിശോധനാ സംഘത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമവികസന വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. പരിശോധനയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന മാര്‍ക്കിനെ ആസ്പദമാക്കി ഗ്രേഡ് നല്‍കിയാണ് ഓഫിസുകള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ഓഫിസുകളില്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, നിരോധിത പ്ലാസ്റ്റിക്കിന്റെയും ഡിസ്‌പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കുക, ജൈവ അജൈവ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, പുനചംക്രമണമോ പുനരുപയോഗമോ സാധ്യമായ വസ്തുക്കള്‍ ഉപയോഗിക്കുക, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ശുചിമുറി, ജൈവ പച്ചക്കറി/പൂന്തോട്ടം എന്നിവ ഒരുക്കുക, ഇലക്ട്രോണിക് മാലിന്യവും ഉപയോഗശൂന്യമായ ഫര്‍ണിച്ചറും നീക്കം ചെയ്യുക, ഹരിതചട്ടം പാലിക്കുന്നതിന് നോഡല്‍ ഓഫീസറെ ഏര്‍പ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് ഹരിത ഓഡിറ്റ് സംഘം വിലയിരുത്തുക. ജില്ലയിലെ ഹരിത ഓഡിറ്റിന്റെ പ്രവര്‍ത്തനം ജനുവരി 20ന് അവസാനിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *