ട്രംപിന് ഇറാഖ് കോടതിയുടെ അറസ്റ്റ് വാറന്റ്

ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാഖ് കോടതിയുടെ അറസ്റ്റ് വാറന്റ്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ട്രംപിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഖാസിം സുലൈമാനിയുടെയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്‍ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്. തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതക കുറ്റമാണ്‌ ട്രംപിനെതിരെ ചുമത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് ബാഗ്ദാദില്‍ സുലൈമാനിയടക്കം ഏഴു പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ യുഎസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ സുലൈമാനിയാണെന്നാന്നാരോപിച്ചായിരുന്നു യുഎസ് അദ്ദേഹത്തെ വധിച്ചത്. ഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്ന് പെന്റഗണ്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊലപാതകം സംബന്ധിച്ച ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *