ജോണ്‍ സാമുവല്‍ കെ.പി.സി.സി പബ്ലിക് പോളിസി അദ്ധ്യക്ഷന്‍

തിരുവനന്തപുരം: കെ.പി.സി.സിയുടെ പബ്ലിക് പോളിസി വിഭാഗം അദ്ധ്യക്ഷനായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ സാമുവലിനെ നിയമിച്ചതായി കെ.പി.സി.സി ജനറല്‍സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു.

കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരടങ്ങിയ സമിതിയാണ് നാമനിര്‍ദ്ദേശം ചെയ്തത്.കെ.പി.സി.സിയുടെ പൊതുകാര്യനയങ്ങള്‍, സാമൂഹിക, സാമ്ബത്തിക വിഷയങ്ങളില്‍ നേതൃത്വ പരിശീലനം തുടങ്ങിയവയില്‍ ജോണ്‍ സാമുവല്‍ പങ്കാളിയാകും. പാര്‍ട്ടിയുടെ സാമൂഹിക സാമ്ബത്തിക വികസന ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കുക, പ്രകടനപത്രിക തയാറാക്കുന്നതിനു സഹായിക്കുക മുതലായവയാണ് ചുമതല.

ജെ.എസ്. അടൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോണ്‍ സാമുവലിന് ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്ന് ദശകത്തെ നേതൃപരിചയുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തില്‍ ആഗോള ഗവേണന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു. കേന്ദ്ര ആസൂത്രണ കമ്മിഷനില്‍ ഗവേണന്‍സ് വര്‍ക്കിംഗ് കമ്മറ്റി അംഗവും കേന്ദ്ര മനുഷ്യാവകാശ കമ്മിഷനില്‍ പരിശീലകനുമായിരുന്നു. നവ മാധ്യമ സംരംഭമായ ഇന്‍ഫോചേഞ്ച് ഇന്ത്യ, ഗവേഷണ പ്രസിദ്ധീകരണമായ അജന്‍ഡ മാസിക എന്നിവയുടെ എഡിറ്ററായിരുന്നു. ഏകത പരിഷത്തെന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായിരുന്നു. ബോധിഗ്രാം നേതൃപരിശീലനകേന്ദ്രത്തിന്റെ അദ്ധ്യക്ഷനാണ്.

Leave a Reply

Your email address will not be published. Required fields are marked *