വാക്‌സിനേഷന്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലിസ്

കൊച്ചി: കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ പോലിസ്.

കൊവിഡ് 19 വാക്‌സിനേഷനായി മൊബൈലില്‍ തട്ടിപ്പു സംഘം അയക്കുന്ന സന്ദേശം വിശ്വസിച്ച്‌ മറുപടി നല്‍കാന്‍ പോയാല്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഒണ്‍ ലൈന്‍ അക്കൗണ്ടിലുള്ളത് കൈക്കലാക്കുകയാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ആധാര്‍ കാര്‍ഡും ഈ മെയില്‍ ഐഡിയുമൊക്കെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒടിപി നമ്ബര്‍ കൈമാറുന്നതോടെ ഒണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. വാക്‌സിന്‍ വിതരണം ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടയില്‍ ജനം ഇവരുടെ വലയില്‍ വീഴുകയും ചെയ്യും. ഓണ്‍ലൈന്‍ ലോണ്‍, ജോലി, സമ്മാനപ്പൊതി, വിസ, ഇന്‍കം ടാക്‌സ് റീഫണ്ട് തുടങ്ങി നടക്കുന്ന തട്ടിപ്പുകള്‍ക്ക് സമാനമാണിതെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച്‌ ഒണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനത്തില്‍ നുഴഞ്ഞു കയറി രണ്ടു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും ഒന്നരക്കോടി രൂപയോളം തട്ടിയ കേസിലെ പ്രധാന പ്രതിയായ കല്‍ക്കത്ത സ്വദേശിയെ ബാംഗ്ലൂരില്‍ നിന്നും കഴിഞ്ഞയാഴ്ച എറണാകുളം റൂറല്‍ പോലിസ് പിടികൂടിയിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *