ആചാരലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: ആചാരലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബിജെപിക്കു ഉദ്ദേശ്യമില്ല. സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ല. സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം. കേരളത്തിലെ വിശ്വാസികളെ കയ്യിലാക്കാമെന്ന് ആരും കരുതേണ്ടെന്നും കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.’ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറുള്ള ആളല്ല. എങ്കിലും ഈയിടെ ശബരിമലയില്‍ പോയി. അവിടുത്തെ ആചാരമനുസരിച്ചു പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ട് വേണം. അതുകൊണ്ടു ഞാന്‍ പടി കയറാതെയാണു സന്നിധാനത്തേക്കു പോയത്. അതാണ് ആചാരത്തെ ബഹുമാനിക്കുക എന്നത്. ഞങ്ങള്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കുന്നില്ല. ചിലര്‍ ഇവിടെ അവരുടെ വിശ്വാസം മാത്രം മതി എന്ന നിലപാടിലാണ്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കാന്‍ കഴിയണമെന്നതാണ് എല്‍ഡിഎഫിന്റെ നിലപാട്.


ആരാധനാലയങ്ങളില്‍ തന്ത്രിമാര്‍ക്കുള്ള പ്രാധാന്യം ഇല്ലാതാക്കാന്‍ ശ്രമിക്കില്ല. ശബരിമലയില്‍ തന്ത്രിമാര്‍ക്കുപിന്നില്‍ കളിച്ചതു ബിജെപിയാണ്, അതാണു സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച മുടങ്ങിയത്. ശബരിമലയില്‍ നട തുറക്കുന്നതിനു മുമ്പു ചര്‍ച്ച നടത്താന്‍ തന്ത്രികുടുംബത്തെ വിളിച്ചിട്ടും അവര്‍ വരാതിരുന്നതു ബിജെപിയുടെ ഇടപെടല്‍ മൂലമാണ്. യുവമോര്‍ച്ച യോഗത്തിനിടെ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തോടെ അവരുടെ ഗൂഢാലോചന തെളിഞ്ഞു. ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്ത്രിമാര്‍ക്കുള്ള അംഗീകാരത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അവരുടെ നിലപാടുകള്‍ ആരാധനാലയങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കണം. ശബരിമലയില്‍ ആര്‍എസ്എസ് നുണ പറയുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സംഘപരിവാര്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *