ശബരിമല വിഷയത്തില്‍ ബിജെപി അജന്‍ഡ മറയില്ലാതെ പുറത്തായെന്നു മുഖ്യമന്ത്രി

കണ്ണൂര്‍: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളളയുടെ അജന്‍ഡ മറയില്ലാതെ പുറത്തായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു വിശ്വാസിയുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. നടപ്പിലായതു ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്. ബിജെപിക്കൊപ്പം ഇറങ്ങിയ എത്ര അണികളെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനാകുമെന്നും കണ്ണൂരില്‍ എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി ചോദിച്ചു.

മലയാളമാസം 1 മുതല്‍ 5 ദിവസം ശബരിമലയില്‍ നടന്നതു വിശ്വാസികളുടെ സമരമല്ല. ബിജെപി അവരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമരമാണെന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ വ്യക്തമായി. തന്ത്രി സമൂഹത്തിന് ഇന്നു കൂടുതല്‍ വിശ്വാസം ബിജെപിയെയും അതിന്റെ അധ്യക്ഷനുമാണെന്നു ശ്രീധരന്‍ പിള്ള പറയുന്നു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണിത്. ശബരിമലയെപ്പോലുള്ള ആരാധനാലയത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നേതൃത്വം കൊടുത്ത വിഭാഗത്തിന്റെ തലവനുമായാണ് ഏറ്റവും അധികം ബന്ധം എന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.


ശബരിമല നന്നാക്കാനുള്ള പുറപ്പാടല്ല ബിജെപിയും സംഘപരിവാറും നടത്തുന്നത്. പവിത്രമായ ശബരിമല സന്നിധാനം ഉള്‍പ്പെടെ കളങ്കപ്പെടുത്താന്‍ പുറപ്പെട്ടവരുമായി ശബരിമല തന്ത്രി ഗൂഢാലോചന നടത്തി. അതീവ ഗുരുതരമായ കാര്യമാണിത്. തന്ത്രിക്കു നിയമോപദേശം വേണമെങ്കില്‍ അറ്റോണി ജനറലിനോടാണു ചോദിക്കേണ്ടത്. സുപ്രീംകോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അങ്ങനെ വേണ്ടെന്നു ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരും പറയില്ല. സുപ്രീംകോടതിയെ സമീപിച്ചത് ആര്‍എസ്എസിന്റെ ഭാഗമായിട്ടുള്ള ആളുകളാണ്. ശബരിമലയുടെ ഒരു കാശും സര്‍ക്കാര്‍ ഖജനാവിലേക്കു പോകുന്നില്ല. പണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *