വീടിന് മുകളിലേക്ക് ബസ് മറിഞ്ഞ് 7 മരണം

കാസര്‍കോട്:  പാണത്തൂര്‍ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേര്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും രണ്ട് പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. കര്‍ണ്ണാടക സ്വദേശികളായ രാജേഷ്, രവി ചന്ദ്രന്‍, സുമതി, ജയലക്ഷ്മി, ശ്രേയസ്സ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ശ്രേയസ്സും ആദര്‍ശും കുട്ടികളാണ്. നിരവധി പേര്‍ ചികിത്സയിലാണ്. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇതുവരെ 33 പേരെ പ്രവേശിപ്പിച്ചു.

ബസില്‍ എഴുപതോളം പേരുണ്ടായിരുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു പറഞ്ഞു. അപകടത്തെക്കുറിച്ച്‌ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അന്വേഷിക്കും. വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഉയര്‍ന്ന പ്രദേശത്തെ റോഡില്‍ നിന്നും താഴ്ഭാഗത്തുണ്ടായിരുന്ന ആള്‍ത്താമസമില്ലാത്ത വീടിന്‍റെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിയാരം ഇറക്കത്തില്‍വെച്ച്‌ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ഗതാഗത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *