ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ എം.പി

തിരുവനന്തപുരം:കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍. നിലവില്‍ സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്നും മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമര്‍ശിച്ച്‌ തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരീനാഥനും അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

25 വര്‍ഷമായി ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും, തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.എസ്.ശബരീനാഥ് എംഎല്‍എ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. തലസ്ഥാനത്ത് ചലച്ചിത്രമേളയുടെ നടത്തിപ്പിന് എല്ലാവിധ സൗകര്യങ്ങളും നിലനില്‍ക്കെ സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ കെ.എസ് ശബരിനാഥ് എംഎല്‍എ വിമര്‍ശിച്ചു.

വളരെ പരിതാപകരമായ തീരുമാനമാണിതെന്നാണ് തരൂര്‍ പ്രതികരിച്ചത്. തിരുവനന്തപുരം ഐ.എഫ്.എഫ്.കെയ്ക്ക് മികച്ച ഒരു വേദി മാത്രമല്ല, പാരമ്ബര്യവും സൗകര്യങ്ങളും എല്ലാറ്റിനുമുപരിയായി അറിവുള്ള ചലച്ചിത്ര സ്‌നേഹികളുടെ ആവേശകരമായ ജനക്കൂട്ടത്തേയുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും തരൂര്‍ പറയുന്നു.

കൊവിഡിന്റെ മറവില്‍ കാലങ്ങളായി തിരുവനന്തപുരത്തു നടത്തിവരുന്ന ഐ.എഫ്.എഫ്.കെ കേരളത്തിലെ മറ്റ് നഗരങ്ങളിലായി നടത്തുവാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്നും കൊവിഡ് വരുന്നതിനു മുന്നേ തന്നെ സര്‍ക്കാര്‍ പദ്ധതി ഇട്ടിരുന്നതിന്റെ തെളിവാണ് 2016 ല്‍ മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്‌റ്റെന്നും പറഞ്ഞ് തരൂരിനെ ടാഗ് ചെയ്തുകൊണ്ട് വൈശാഖ് ചെറിയാന്‍ ഇട്ട ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *