സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ജനുവരി 5 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മാനദണ്ഡനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും ജനുവരി 5 മുതല്‍ അനുവദിക്കും.

പുതുവര്‍ഷത്തില്‍ പത്തിന പരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 10-ന് മുമ്ബ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

മസ്റ്ററിംഗ്, ജീവന്‍രക്ഷാമരുന്നുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങള്‍. ക്രമേണ മറ്റ് സേവനങ്ങളും വീട്ടില്‍ത്തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാവും. ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ പറ്റാത്തവരുടെ വീട്ടില്‍പോയി അപേക്ഷ വാങ്ങി നല്‍കി തു‍ടര്‍വിവരങ്ങള്‍ വിളിച്ചറിയിക്കും. ഇതിന് സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ വഴി നല്‍കും.

ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, കാഴ്ചാപരിമിതി അടക്കമുള്ളവര്‍ ഒക്കെ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ സന്നദ്ധസേവാംഗങ്ങളെ അറിയിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ എത്തിക്കും. ഈ പദ്ധതി ജനുവരി 15-ന് തുടങ്ങും. കളക്ടര്‍മാരും തദ്ദേശസ്ഥാപനങ്ങളും ഇത് ഏകോപിപ്പിക്കും.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേക പരിപാടി. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ കൂടുതല്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി.

സാമ്ബത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്‍ചവെക്കുന്ന കുട്ടികള്‍ക്കായി എമിനന്‍റ് സ്കോളേഴ്സ് ഓണ്‍ലൈന്‍ എന്ന പരിപാടി തുടങ്ങും. സാമ്ബത്തികശാസ്ത്ര‍ജ്ഞര്‍ അടക്കം ലോകത്തെ മികച്ച അക്കാദമിക് വിദഗ്ധര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ കോളേജുകളിലെ കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കും. പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനും അവസരമൊരുക്കും.

വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ വഴി ഇത് സംപ്രേഷണം ചെയ്യും. ആദ്യപരിപാടി ജനുവരിയില്‍ നടക്കും. വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള, ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സ്കോളര്‍ഷിപ്പ് നല്‍കും. 1000 പേര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്. രണ്ടലരക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും.

പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ സഹായസംവിധാനം. അഴിമതിയെക്കുറിച്ച്‌ രഹസ്യമായി വിവരം നല്‍കാന്‍ പ്രത്യേക അതോറിറ്റി. വിവരം നല്‍കുന്നവരുടെ പേര് പുറത്തുവരില്ല. വിവരമറിയിക്കാന്‍ ഓഫിസുകളില്‍ പോകേണ്ടതില്ല- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *