ഗവര്‍ണര്‍ പാലിക്കുന്നത് ആര്‍എസ്‌എസ് നിര്‍ദ്ദേശങ്ങള്‍: എംഎ ബേബി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗവര്‍ണര്‍ കേന്ദ്ര ഏജെന്റാണെന്നാണ് എം. എ ബേബി പറഞ്ഞത്. ഗവര്‍ണര്‍ ഉണ്ടാക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും ഇത് കേവലം ഭരണഘടനാ പ്രശ്‌നമല്ലെന്നും ബേബി പറഞ്ഞു.

‘ഈ കീഴ്‌വഴക്കങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ സംസ്ഥാന നിയമസഭാ സെഷനുകളെ പോലും തടസ്സപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ഒരു ഏജന്റായി ഗവര്‍ണര്‍ പദവി അധഃപതിക്കുന്ന അത്യന്തം അപകടകരവും ദൗര്‍ഭാഗ്യകരവും ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരവുമായ ഒരു സാഹചര്യമുണ്ടാവും. ഇവിടെ ഗവര്‍ണര്‍ക്കുള്‍പ്പെടെ ഭക്ഷണം കഴിച്ച്‌ താമസിക്കണമെങ്കില്‍ കേരളത്തിന് പുറത്ത് നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വരണം. ഇത് ഗവര്‍ണര്‍ക്ക് മനസിലാകാത്തതല്ല. നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് നല്‍കുന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാരും, ആ സര്‍ക്കാരിലൂടെ സംസ്ഥാന ഗവര്‍ണര്‍മാരും ഇപ്പോള്‍ പാലിക്കുന്നത് എന്നുള്ള അത്യന്തം അസാധാരണമായ ഒരു സാഹചര്യമാണിത്,’ എം. എ ബേബി പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിനെതിരെയാണ് എം.എ ബേബിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *