മുഴുവന്‍ മുസ്ലീങ്ങളുടേയും അട്ടിപ്പേറവകാശം ലീഗിന് ആരും നല്‍കിയിട്ടില്ല: പിണറായി വിജയന്‍

കണ്ണൂര്‍: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് ആരും നല്‍കിയിട്ടില്ലെന്നും ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെ താന്‍ മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് വര്‍ഗ്ഗീയവാദി പട്ടം തരാന്‍ ശ്രമങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായാണ് നാല് സീറ്റിന് വേണ്ടി ലീഗ് കൂട്ട് കൂടിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തെറ്റാണെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പറയാന്‍ ശ്രമിച്ചതിനാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് വരുന്നതില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ മെക്കിട്ട് കേറാനല്ല ലീഗ് ശ്രമിക്കണ്ടതെന്നും പറ്റിയ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയമാണുയരുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മുന്‍പ് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *