കര്‍ഷകര്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ സമരഭൂമിയില്‍ നിരാഹാര സമരം നടത്തുന്ന കര്‍ഷകര്‍ക്കൊപ്പം തിങ്കളാഴ്ച താനും നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും രാജ്യത്തെ മുഴുവന്‍ ആളുകളും ഏകദിന നിരാഹാര സമരത്തില്‍ അണിചേരണമെന്നും കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഉടനടി അംഗീകരിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പുനല്‍കാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച്‌ ഞായറാഴ്ച രാജസ്ഥാനിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച്‌ ഹരിയാണ പോലീസ് തടഞ്ഞിരുന്നു. നിരവധി ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ച്‌ ഹരിയാണ-രാജസ്ഥന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍വെച്ചാണ് മാര്‍ച്ച്‌ പോലീസ് തടഞ്ഞത്. ഇതോടെ ഡല്‍ഹിയിലേക്കുള്ള ദേശീയ പാത ഉപരോധിക്കുകയാണ് കര്‍ഷകര്‍. പ്രദേശത്ത് വലിയതോതില്‍ കേന്ദ്രസേനയേയും സൈന്യത്തേയും വ്യന്യസിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ 18 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. മൂന്ന് നിയമങ്ങളും റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മാത്രമേ ഇനി ചര്‍ച്ചയുള്ളുവെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിരാഹാര സമരത്തിനൊപ്പം തിങ്കളാഴ്ച രാജ്യവ്യാപകമായി ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് തടയുമെന്നും കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *