പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ അഞ്ച് പാക് പട്ടാളക്കാരെ ഇന്ത്യന്‍ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലെ നിയന്ത്രണ രേഖാ മേഖലയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ശത്രു സംഹാരം.

രാത്രി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് സൈനികര്‍ ജനവാസ മേഖലകള്‍ക്ക് നേരെ ശക്തമായ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിനായിരുന്നു ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കിയത്. പാക് സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിരവധി പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും, ഇതിന് ശക്തമായ തിരിച്ചടി നല്‍കുക അനിവാര്യമായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക് സൈന്യത്തിന്റെ നിരവധി ബങ്കറുകളും തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം രണ്ട് മണിക്കൂറോളമാണ് ഇരു വിഭാഗം സൈനികരുംതമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നത്. ഈ വര്‍ഷം ഇതുവരെ 3200 വെടി നിര്‍ത്തല്‍കരാര്‍ ലംഘനങ്ങളാണ് പാക് സൈന്യം നടത്തിയിരിക്കുന്നതെന്നാണ് കണക്കുകള്‍. ആക്രമണങ്ങളില്‍ 30 പ്രദേശവാസികള്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *