ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ 17 വരെ തുടരും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കേസിന്റെ വിശദാംശങ്ങൾ പഠിക്കാൻ കൂടുതൽ സാവകാശം വേണമെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്‌ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.

ഫ്ളാറ്ര് നിർമ്മാണത്തിനായി വിദേശ ഏജൻസിയിൽ നിന്ന് ലഭിച്ച പണത്തിൽ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നൽകിയിട്ടുണ്ടെന്ന് കരാർ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്‌തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സി ബി ഐ ഹർജിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *