“മണ്‍റോ തുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല”: സി.പി.എം വാദം തള്ളി പൊലീസ് റിപ്പോര്‍ട്ട്

കൊല്ലം : മണ്‍റോ തുരുത്തില്‍ ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാതകമാണെന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാദത്തിന് വിരുദ്ധമാണ് പൊലീസ് റിപ്പോര്‍ട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഫ്‌ഐആറിലെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും പരാമര്‍ശമെന്നാണ് റിപ്പോര്‍ട്ട്.

റിസോര്‍ട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. മണിലാലിന്‍്റെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും പ്രതി അശോകനുമായുള്ള സംഘര്‍ഷത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടന്ന ദിവസം, അശോകന്‍ മുന്‍വൈരാഗ്യത്തോടെ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുനെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ആരോപണം.

സി.പി.എം പ്രവര്‍ത്തകന്‍ മയൂഖം ഹോം സ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസില്‍ ആര്‍.മണിലാലിനെ (50) ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അശോകന്‍ (56), ഇയാളെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ പനിക്കത്തറ വീട്ടില്‍ സത്യന്‍ (58) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തിരഞ്ഞെടുപ്പുഫലം വന്നശേഷം നടത്തുമെന്നു റൂറല്‍ എസ്പി ആര്‍.ഇളങ്കോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *