ഭാരത് ബന്ദിന് പിന്തുണ നല്‍കി ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍

ന്യൂഡല്‍ഹി: ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ നല്‍കി ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍. ഡല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷകരുടെ സമരത്തില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അവശ്യ സര്‍വ്വീസുകളെ ബന്ദില്‍ നിന്ന് ഒഴിവാക്കി. വിവാഹസംഘങ്ങളെയും തടയില്ല. ഡൽഹിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പണിമുടക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് നടക്കുന്ന ഭാരത് ബന്ദിന്, കോണ്‍ഗ്രസ്, സി പി എം, ഡി എം കെ, ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ ജെ ഡി, സമാജ്വാദി പാര്‍ട്ടി, ടി ആര്‍ എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *