പരസ്യ പ്രചാരണത്തിന് 6ന് തിരശീല; കൊട്ടിക്കലാശം പാടില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ പരസ്യ പ്രചാരണം 6ന് അവസാനിക്കും. 6ന് (06 ഡിസംബർ) വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദേശമെന്ന് കളക്ടർ പറഞ്ഞു. ഇതു ലംഘിക്കുന്ന സ്ഥാനാർഥികൾക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം. സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടർ പഞ്ഞു.

പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ വാഹന പ്രചാരണ പരിപാടികൾ ജില്ലയിൽ വലിയ തോതിൽ നടക്കുന്നുണ്ട്. വിവിധ സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ജങ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സമയം നിർത്തിയിട്ട് അനൗൺസ്മെന്റ് നടത്തുന്നതായും ഇതുമൂലം ആൾക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സ്ഥാനാർഥികൾ ശ്രദ്ധിക്കണം. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാൻ പൊലീസിനും കളക്ടർ നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ എം.സി.സി. ജില്ലാതല മോണിറ്ററിങ് സമിതി കളക്ടറേറ്റിൽ ചേർന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി (റൂറൽ) ബി. അശോകൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് ജില്ലാ നോഡൽ ഓഫിസർ ജി.കെ. സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

തെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഏല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഇതുവരെ 23,329 പ്രചാരണോപാധികൾ നീക്കി

ജില്ലയിൽ നിയമം ലംഘിച്ചു പതിച്ചിരുന്ന 23,329 പ്രചാരണോപാധികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തതായി കളക്ടർ അറിയിച്ചു. 20,114 പോസ്റ്ററുകൾ, 1,791 ബോർഡുകൾ, 1,423 ഫ്ളാഗുകൾ എന്നിവയാണ് നീക്കം ചെയ്തവയിലുള്ളത്. ഇനിയുള്ള ദിവസങ്ങളിലും സ്‌ക്വാഡിന്റെ പരിശോധന തുടരും.

പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളിൽ കൂടുതൽ കൊടിതോരണങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നതു പതിവാണ്. നിയമങ്ങൾ കർശനമായി പാലിച്ചു മാത്രമേ ഇത്തരം പ്രചാരണോപാധികൾ സ്ഥാപിക്കാവൂ എന്നും കളക്ടർ പറഞ്ഞു.

ഡമ്മി ബാലറ്റിൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് അച്ചടിക്കുന്നതിനു തടസമില്ലെങ്കിലും അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം തോന്നത്തക്ക രീതിയിൽ അച്ചടിക്കരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തിന് നീലയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ വെള്ള, നീല, പിങ്ക് എന്നീ നിറങ്ങൾ ഒഴിവാക്കി വേണം ഡമ്മി ബാലറ്റ് അച്ചടിക്കാൻ.

ഒരു സ്ഥാനാർഥി ബാലറ്റ് പേപ്പറിൽ തന്റെ പേര് എവിടെ വരുമെന്ന് വോട്ടർമാർക്ക് പരിചയപ്പെടുത്താനാണ് ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നത്. ഇങ്ങനെ അച്ചടിക്കുമ്പോൾ വാർഡിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടാകാൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി.

പ്രചാരണ വാഹനങ്ങളുടെ എണ്ണം കൂടരുത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാർഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. അധികമായി വാഹനങ്ങൾ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

ഗ്രാമ പഞ്ചായത്തുകളിൽ ഒരു സ്ഥാനാർഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമേ പാടുള്ളൂ. ബ്ലോക്ക് പഞ്ചായത്തിൽ ഇതു മൂന്നും ജില്ലാ പഞ്ചായത്തിൽ നാലും വരെയാകാം. മുനിസിപ്പാലിറ്റിയിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി രണ്ടു വാഹനങ്ങൾ ഉപയോഗിക്കാം. കോർപ്പറേഷനിൽ നാലു വാഹനങ്ങൾ ഉപയോഗിക്കാം.

വാഹനങ്ങളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണം. അനുവദനീയമായ ശബ്ദ പരിധി കർശനമായി പാലിക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ വാഹനത്തിൽ ഉച്ചഭാഷണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ലെന്നും കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *