മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നു

ശബരിമല : പ്രതിഷേധം ശക്തമായതോടെ പോലീസ്‌ കർശന പരിശോധനകൾക്ക് ശേഷം മാദ്ധ്യമപ്രവർത്തകരെ പമ്പയിലേക്ക് കടത്തിവിടുന്നു. നിലയ്ക്കലിൽ വച്ചാണ് മാദ്ധ്യമങ്ങളെ പൊലീസ് തടഞ്ഞത്.പമ്പയിൽ ഒന്നും ചിത്രീകരിക്കാനില്ലെന്നും,നാളെ രാവിലെ മുതൽ കടത്തി‌ വിടുമെന്നാണ് ഐജി അശോക് യാദവ് മുന്‍പ്‌ പറഞ്ഞത്.അതേ സമയം തന്നെ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവർത്തിച്ച് പ്രസ്താവിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ശക്തമായതും തുടര്‍ന്ന് മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടാന്‍ തുടങ്ങിയതും.

സന്നിധാനവും,പമ്പയും ശക്തമായ പൊലീസ് കാവലിലാണ്. കമാന്‍ഡോകളടക്കം 1850 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. നിലക്കല്‍, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിര ആട്ടത്തിരുനാളിന് ക്ഷേത്രനട തുറക്കുന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് നട അടക്കും. ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്നിവയും വിശേഷാല്‍ വഴിപാടുകളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *