ധനമന്ത്രിക്ക് എതിരായ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. എത്തിക്‌സ് കമ്മിറ്റിക്ക് നോട്ടീസ് സ്‌പീക്കര്‍ കൈമാറി. പ്രതിപക്ഷത്തിന്റെ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി മാദ്ധ്യമ‌ങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിന് ശേഷം പുറത്ത് വിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുളള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്‌പീക്കര്‍ക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കെതിരെയുളള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *