പാറമടകളിലേക്കുള്ള ഇരുന്നൂറ്റമ്പതോളം ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

പെരുമ്പിലാവ് :  കടങ്ങോട്, തിപ്പിലശ്ശേരി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമട, ക്രഷര്‍ യൂണിറ്റുകളിലേക്കു പുലര്‍ച്ചെ മൂന്നിന്  ലോഡ് കയറ്റാന്‍ പോകുന്ന ഇരുന്നൂറ്റമ്പതോളം  ലോറികളുടെ മരണപ്പാച്ചില്‍ നാട്ടുകാര്‍ തടഞ്ഞു. ശബ്ദശല്യവും പൊടിശല്യവും മൂലം ഉറക്കവും ആരോഗ്യവും നഷ്ടപ്പെട്ട നാട്ടുകാര്‍ ഗത്യന്തരമില്ലാതെ ലോറികള്‍ തടയുകയായിരുന്നെന്നു നേതൃത്വം കൊടുത്ത ഫൈസല്‍ തിപ്പിലശ്ശേരി പറഞ്ഞു.

ലോറിശല്യം നിമിത്തം തിപ്പിലശ്ശേരി, ആല്‍ത്തറ സ്‌കൂളുകളില്‍ ക്ലാസിലിരുന്ന് ഉറങ്ങുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും സൂചനയുണ്ട്. ലോറികളുടെ അസമയത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണം വരുത്തുമെന്നു പഞ്ചായത്ത് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്. കഴിഞ്ഞ മാസം ക്രഷര്‍ ഉടമകളും നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്നു നടത്തിയ യോഗത്തില്‍ രാവിലെ ആറിനു മുന്‍പു ലോറികള്‍ ലോഡെടുക്കാന്‍ പോകില്ലെന്നു തീരുമാനമെടുത്തിരുന്നു. പുതുതായി തുടങ്ങിയ പാറമടകളിലേക്കുള്ള ലോറികളാണു തീരുമാനം മറികടന്നു കൂടുതല്‍ സര്‍വീസ് നടത്തിയിരുന്നത്. ലോറികള്‍ തടഞ്ഞിട്ടതിനെത്തുടര്‍ന്നു പൊലീസിന്റെ സാന്നിധ്യത്തില്‍ ലോറി ജീവനക്കാരും നാട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ രാവിലെ 5.30നു മുന്‍പു ലോറികള്‍ സര്‍വീസ് നടത്തില്ലെന്ന് ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *